10:44pm 05 November 2026
NEWS
ജാൻവിക്കും രാധികയ്ക്കുമെതിരെ റെജിന കസാൻഡ്ര; തുറന്നുപറച്ചിൽ തെക്ക്-വടക്ക് ഭിന്നതയുണ്ടാക്കരുതെന്ന് മുന്നറിയിപ്പ്
05/11/2026  07:47 PM IST
nila
ജാൻവിക്കും രാധികയ്ക്കുമെതിരെ റെജിന കസാൻഡ്ര; തുറന്നുപറച്ചിൽ തെക്ക്-വടക്ക് ഭിന്നതയുണ്ടാക്കരുതെന്ന് മുന്നറിയിപ്പ്

 

തെലുങ്ക് സിനിമാ മേഖലയിൽ നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ നടിമാരായ ജാൻവി കപൂറിനും രാധിക ആപ്‌തെയ്ക്കുമെതിരെ വിമർശനവുമായി നടി റെജിന കസാൻഡ്ര. ഇരുവരുടെയും തുറന്നുപറച്ചിലുകളെ പിന്തുണയ്ക്കുന്നുവെങ്കിലും, അതവതരിപ്പിച്ച രീതി തെക്കേന്ത്യൻ-വടക്കേന്ത്യൻ സിനിമാ മേഖലകൾക്കിടയിൽ ഭിന്നതയ്ക്ക് കാരണമാകുമെന്നാണ് റെജിനയുടെ വിമർശനം. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

ഒരു സിനിമയിൽ അഭിനയിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ അതിൽനിന്ന് പിന്മാറാനുള്ള തീരുമാനം അഭിനേതാക്കൾക്ക് എടുക്കാമെന്ന് റെജിന പറഞ്ഞു. സ്ത്രീകളുടെ പ്രശ്നങ്ങളിൽ എപ്പോഴും പിന്തുണയുമായി ഒപ്പമുണ്ടാകുമെന്നും എന്നാൽ ജാൻവിക്കും രാധികയ്ക്കും സ്വന്തം നിലപാടുകൾ വ്യക്തമാക്കാനും സിനിമ ഉപേക്ഷിക്കാനും കഴിയുമായിരുന്നുവെന്നും അവർ അഭിപ്രായപ്പെട്ടു.

തെന്നിന്ത്യൻ സിനിമകളിൽ പലപ്പോഴും പൂർണമായ തിരക്കഥ ലഭിക്കാറില്ലെന്ന ജാൻവിയുടെ പരാമർശത്തോട് റെജിന ഭാഗികമായി യോജിച്ചു. ചില സിനിമകളിൽ ചിത്രീകരണ ദിവസം രാവിലെ ആറുമണിക്കായിരിക്കും സീനുകൾ ലഭിക്കുക. എന്നാൽ കഥയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും അടിസ്ഥാന ധാരണയുണ്ടായ ശേഷമാണ് അഭിനയിക്കാൻ തയ്യാറാകുന്നതെന്നും അവർ വിശദീകരിച്ചു. ചില സിനിമകളിൽ നേരത്തേതന്നെ പൂർണമായ തിരക്കഥ ലഭിക്കാറുണ്ടെന്നും കൂട്ടിച്ചേർത്തു.

ബോളിവുഡിലെ ചിത്രീകരണ രീതികൾ ഇതിൽനിന്ന് വ്യത്യസ്തമാണെന്നും റെജിന ചൂണ്ടിക്കാട്ടി. അവിടെ അഭിനേതാക്കൾക്കും മാനേജർമാർക്കും പ്രത്യേക കോൾ ഷീറ്റുകൾ നൽകും. ഷൂട്ടിങ് സമയക്രമം, സീനുകളുടെ നമ്പർ, ഓരോ സീനിലും പങ്കെടുക്കേണ്ട അഭിനേതാക്കൾ, അണിയറപ്രവർത്തകരുടെ ബന്ധപ്പെടാനുള്ള വിവരങ്ങൾ എന്നിവയെല്ലാം മുൻകൂട്ടി ലഭിക്കും. തെന്നിന്ത്യൻ സിനിമകളിൽ എല്ലായിടത്തും ഇതേ രീതിയല്ല പിന്തുടരുന്നതെന്നും അവർ പറഞ്ഞു.

എന്നാൽ, ഇത്തരം അനുഭവങ്ങൾ പങ്കുവെക്കുമ്പോൾ പ്രാദേശികമായ വേർതിരിവുകൾക്ക് ഇടനൽകരുതെന്നാണ് റെജിനയുടെ പ്രധാന വാദം. ഒരു നോർത്ത് ഇന്ത്യൻ നടി തെന്നിന്ത്യൻ സിനിമകളെക്കുറിച്ച് സംസാരിക്കുന്ന രീതി തെക്ക്-വടക്ക് വിഭജനത്തിന് ആക്കം കൂട്ടരുത്. സിനിമാ മേഖലയിൽ ഇതിനകം തന്നെ ഇത്തരം വേർതിരിവുകൾ നിലനിൽക്കുന്നുണ്ട്. ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളിലും പ്രവർത്തിച്ചിട്ടുള്ള ഒരാളെന്ന നിലയിലാണ് ഈ അഭിപ്രായം പങ്കുവയ്ക്കുന്നതെന്നും അവർ വ്യക്തമാക്കി.

കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് നിർമിച്ച 'കേസരി ചാപ്റ്റർ 2' സിനിമയുമായി ബന്ധപ്പെട്ട സ്വന്തം അനുഭവവും റെജിന അഭിമുഖത്തിൽ വെളിപ്പെടുത്തി. കരൺ ജോഹറിന്റെ പരിപാടിയിൽ പങ്കെടുക്കവെ സിനിമയിൽ ഒബ്ജക്ടിഫിക്കേഷന് വിധേയയായതിനെക്കുറിച്ചും എതിർപ്പ് അറിയിക്കാൻ കഴിയാതിരുന്നതിനെക്കുറിച്ചും ജാൻവി സംസാരിച്ചിരുന്നു. എന്നാൽ, ഇതേ ധർമ പ്രൊഡക്ഷൻസ് നിർമിച്ച സിനിമയിൽ അഭിനയിച്ചിട്ടും തനിക്ക് അർഹമായ പ്രചാരണം ലഭിച്ചില്ലെന്നാണ് റെജിനയുടെ പരാതി.

ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ തുടക്കം മുതൽ അവസാനം വരെ ഉണ്ടായിരുന്നത് താനായിരുന്നിട്ടും സമൂഹമാധ്യമങ്ങളിലെ പ്രചാരണങ്ങളിൽ തന്നെ ടാഗ് ചെയ്തില്ലെന്നും പേരുപോലും പരാമർശിച്ചില്ലെന്നും റെജിന പറഞ്ഞു. ഇതിനെ വലിയ വിവാദമാക്കാൻ താൻ ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാൽ മറ്റു നടിമാരുടെ അനുഭവങ്ങൾ പരസ്യമായി ചർച്ചയായ സാഹചര്യത്തിലാണ് സ്വന്തം അനുഭവം പറയുന്നതെന്നും അവർ വ്യക്തമാക്കി.

സിനിമയിൽ അഭിനയിക്കാൻ താൽപര്യമില്ലെങ്കിൽ തുടക്കത്തിൽ തന്നെ അത് തുറന്നുപറഞ്ഞ് പിന്മാറുന്നതാണ് ഉചിതമെന്നും റെജിന അഭിപ്രായപ്പെട്ടു. അത്തരം തീരുമാനങ്ങൾ വാർത്തയാകട്ടെ. പിന്നീട് വർഷങ്ങൾക്കുശേഷം അനുഭവങ്ങൾ വെളിപ്പെടുത്തുന്നതിനെക്കാൾ അപ്പോൾത്തന്നെ നിലപാട് വ്യക്തമാക്കുന്നതാണ് നല്ലത്. ചില സാഹചര്യങ്ങളിൽ എതിർപ്പ് പ്രകടിപ്പിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകാമെന്ന് മനസിലാക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

അതേസമയം, എല്ലാ മോശം അനുഭവങ്ങളെയും ഒരേ തരത്തിൽ കാണാനാകില്ലെന്നും നിയമപരമായ മാർഗങ്ങൾ ഉൾപ്പെടെ ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വഴികളുണ്ടെന്നും റെജിന കൂട്ടിച്ചേർത്തു. തുറന്നുപറച്ചിലുകൾ ആവശ്യമാണെങ്കിലും അത് സിനിമാ മേഖലയിൽ കൂടുതൽ വിഭജനങ്ങൾ സൃഷ്ടിക്കുന്ന തരത്തിലാകരുതെന്നും അങ്ങനെ സംഭവിക്കുന്നത് വ്യവസായത്തിന് ഗുണകരമല്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

തെലുങ്ക് ചിത്രം 'പെദ്ധി'യിൽ ജാൻവി കപൂറിനെ മോശമായി ചിത്രീകരിച്ചുവെന്ന ആരോപണം നേരത്തെ വിവാദമായിരുന്നു. കരൺ ജോഹറിന്റെ പരിപാടിയിൽ ഇതേക്കുറിച്ച് സംസാരിക്കവെ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്ന് ജാൻവി സമ്മതിച്ചിരുന്നു. ദക്ഷിണേന്ത്യൻ സിനിമകളിൽ കൃത്യമായ തിരക്കഥ ലഭിക്കാത്ത സാഹചര്യങ്ങളുണ്ടെന്നും ക്യാമറ ആംഗിളുകളെക്കുറിച്ചുപോലും പലപ്പോഴും വ്യക്തമായ ധാരണയുണ്ടാകാറില്ലെന്നും അവർ പറഞ്ഞിരുന്നു.

അതേസമയം, തന്നേക്കാൾ പ്രായം കൂടിയ നടന്റെ നായികയായി അഭിനയിക്കേണ്ടിവന്നതിനെക്കുറിച്ചായിരുന്നു രാധിക ആപ്‌തെയുടെ വെളിപ്പെടുത്തൽ. അമ്മാവനെ വിവാഹം കഴിക്കുന്ന സ്ത്രീയുടെ കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിവന്നുവെന്നും അവർ പറഞ്ഞിരുന്നു. സിനിമയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ലെങ്കിലും നന്ദമുരി ബാലകൃഷ്ണ നായകനായ ബോയപതി ശ്രീനുവിന്റെ 'ലെജൻഡ്' എന്ന ചിത്രമാണിതെന്ന് ചൂണ്ടിക്കാട്ടി ആരാധകർ രംഗത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img